തിരുവനന്തപുരം: മൊബൈലിൽ വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്തതിന് യുവാക്കൾ കഴുത്തിൽ മരക്കമ്പ് കുത്തിയിറക്കിയ വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര, താന്നിമൂട്, അവണാകുഴി, കരിക്കകംതല പുത്തൻവീട്ടിൽ വിജയകുമാരി(43) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു വിജയകുമാരിക്ക് കുത്തേറ്റത്.
കൊലപാതകത്തിന് പിന്നിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും പറയപ്പെടുന്നത്. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ, വീടിന് മുന്നിൽ തുണി കഴുകിക്കൊണ്ട് നിൽക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ അയൽവാസിയായ കമുകിൻകോട്, ഒറ്റപ്ലാവിള വീട്ടിൽ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകൾ, കോട്ടുകാലക്കുഴി മേലേവീട്ടിൽ നിഖിൽ(21) എന്നിവർ ചേർന്ന് മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്തതോടെ അനീഷ് വീട്ടുമുറ്റത്ത് കിടന്നിരുന്ന റബർ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു.
വിജയകുമാരി കുത്തേറ്റ് വീണതോടെ വീട്ടിലുണ്ടായിരുന്ന മകൾ ശിവകല അലമുറയിട്ട് ആളെക്കൂട്ടി. ഇതിനകം തന്നെ പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ശിവകല വിജയകുമാരിയുടെ കഴുത്തിൽ കുത്തിക്കയറിയിരുന്ന കമ്പ് വലിച്ചൂരിയെടുത്ത ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് നെയാറ്റിൻകര പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കഴുത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായ വിജയകുമാരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വിജയകുമാരിക്ക് സംസാരശേഷിയും നഷ്ടമായിരുന്നു. ചികിത്സകളോട് പ്രതികരിക്കാതെ വന്നതോടെ മരണം സംഭവിച്ചു. വിദ്യാർത്ഥിനിയായ മകൾ ശിവകല മാത്രമാണ് വിജയകുമാരിയുടെ വീട്ടിലുള്ളത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപേ മരിച്ചിരുന്നു.
അടുത്തിടെയാണ് വിജയകുമാരിയുടെ വീടിന് സമീപത്തെ പുരയിടം അനീഷ് വാങ്ങിയത്. ഇതിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് അനീഷും വിജയകുമാരിയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.
















Comments