നന്നായി ഒന്ന് ഒരു ദിവസമെങ്കിലും ഉറങ്ങിയാൽ മതി എന്ന് ചിന്തിക്കുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ. ജോലിഭാരവും,യാത്രകളും ജീവിതം രണ്ടറ്റത്ത് കൂട്ടിമുട്ടിപ്പിക്കാനുള്ള ശ്രമത്തിനിടെ നല്ലൊരുറക്കം നഷ്ടപ്പെട്ടവരാവും അവർ. പല രീതികളും പരീക്ഷിച്ചിട്ട് ഒടുവിൽ മരുന്നിനെ അഭയം കണ്ടെത്തിയിട്ടുണ്ടാവും. രാത്രിയിൽ ഉറക്കം കിട്ടാതെ വിഷമിക്കുന്നവർക്കാണെങ്കിൽ ആ പ്രശ്‌നം മറി കടക്കാൻ ഒരു വഴിയുണ്ട്. വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളൊന്നും ചെയ്യാതെ തന്നെ ഉറക്കം ലഭിക്കും. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.
സമയചക്രം പിന്തുടരുകയാണ് വേണ്ടത്. ശാസ്ത്രജ്ഞർ ഇതിനെ 10-3-2-1-0 റൂൾ എന്നാണ് വിളിക്കുന്നത്. ഇത് പാലിച്ചാൽ ശരിയായ ഉറക്കം ലഭിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എന്താണ് 10-3-2-1-0 നിയമം?
കിടക്കുന്നതിന് 10 മണിക്കൂർ മുൻപ് ; കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം കഫീന്റെ ഉത്തേജക പ്രഭാവം ഏകദേശം 10 മണിക്കൂർ വരെ രക്തത്തിൽ നിലനിൽക്കും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.
കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. വലിയ അളവിലോ ഒരുപാട് കലോറിയുള്ളതോ ആയ ആഹാരങ്ങൾ മദ്യം എന്നിവ കഴിക്കുന്നത് നല്ല ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.
കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വീട്ടിലെ ജോലികളെല്ലാം ചെയ്ത് തീർക്കുക. ഒരു ദിവസത്തെ മുഴുവൻ ജോലികൾക്ക് ശേഷം തലച്ചോറിന് വിശ്രമം നൽകണം. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ജോലി സമ്മർദ്ദം രാത്രിയിൽ മനസിൽ ഉത്കണ്ഠയും ചിന്തകളും നിറയ്‌ക്കും. അതിനാലാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ജോലികൾ നിർത്താൻ പറയുന്നത്.
ഒരു മണിക്കൂർ മുൻപ് സ്ക്രീൻ സമയം- മനസിനെ ശാന്തമാക്കാൻ കുടുംബവുമായോ സുഹൃത്തുക്കളുമായോ വളർത്തുമൃഗങ്ങളുമായോ സമയം ചെലവഴിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്‌ക്കുന്നത് നീല വെളിച്ചം നമ്മുടെ സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നതിൽ നിന്നും രക്ഷപ്പെടുത്തും.
പൂജ്യം സമയം- നിങ്ങൾ ഉറങ്ങാനായി തയ്യാറെടുക്കേണ്ട സമയം.ഈ സമയചക്രം പാലിക്കുന്നത് കൃത്യസമയത്ത് ഉറങ്ങാനും നന്നായി ഉറങ്ങിയശേഷം രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാനും സഹായിക്കും.
Comments