ലക്നൗ: പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, അവയ്‌ക്കാവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനുള്ള ആഗോള ഹബ്ബായി സംസ്ഥാനത്തെ മാറ്റുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 30,000 കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കാനും 10 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് പുതിയ ഇലക്ട്രിക് വാഹന നയം ലക്ഷ്യമിടുന്നതെന്നും സർക്കാർ പറഞ്ഞു.
ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022-ന്റെ പ്രധാന പ്രത്യേകതകൾ എന്താണെന്ന് നോക്കാം,
1. ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവന പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്കും ബാറ്ററികളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാതാക്കൾക്കും ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്ന സേവന ദാതാക്കൾക്കും പുതിയ ഇവി നയം ആകർഷകമായ പ്രോത്സാഹന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി തുറക്കുന്നതിന് ഇവി പോളിസി വാങ്ങുന്നവർക്ക് ആകർഷകമായ സബ്‌സിഡിയും നൽകുന്നു. സംസ്ഥാനത്ത് വാങ്ങുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ 100 ശതമാനം ഇളവ് ലഭിക്കും. റോഡ് നികുതിയും രജിസ്‌ട്രേഷൻ ഫീസും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളിൽ ഉൾപ്പെടുന്നു. നാല്-അഞ്ച് വർഷങ്ങളിലും ഇതേ ഇളവ് നൽകിയേക്കും.
3. എല്ലാ വിഭാഗങ്ങളിലും പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് പർച്ചേസ് സബ്‌സിഡി സ്കീമിന് കീഴിൽ യുപി സർക്കാർ 500 കോടി രൂപയുടെ ബജറ്റ് വിഹിതവും അനുവദിച്ചിട്ടുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ ഫാക്ടറി ചെലവിൽ 15 ശതമാനം സബ്‌സിഡി, ആദ്യം വാങ്ങുന്ന രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾക്ക് 5,000 രൂപ കിഴിവ്, ആദ്യം വാങ്ങുന്ന 50,000 മുചക്ര വാഹനങ്ങൾക്ക് 12,000 രൂപ കിഴിവ്, ആദ്യം വാങ്ങുന്ന 1 ലക്ഷം നാലു ചക്രവാഹനങ്ങൾക്ക് 1 ലക്ഷം വരെ കിഴിവ് എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ.
4. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കും, അതിന് അഡ്വാൻസും അനുവദിക്കും.
Comments