ലക്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം. സുൽത്താൻപൂർ-പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് വൻ അപകടം. കാറിലുണ്ടായിരുന്ന നാലു പേരുമാണ് അപകടത്തിൽ മരിച്ചത്. ഹാലിയപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുൽത്താൻപൂർ ഭാഗത്തുനിന്ന് പോവുകയായിരുന്ന കാർ ഇതേ റോഡിൽ ലഖ്‌നൗ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നറിൽ വന്ന് ഇടിക്കുകയായിരുന്നു.
ശക്തമായ ഇടി ആയതിനാൽ വാഹനം തകർന്ന് നാല് പേരും റോഡിൽ പതിച്ചു. വാഹനത്തിന്റെ എഞ്ചിനടക്കം ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു. യാത്രക്കാരിൽ ഒരാളുടെ തല അറ്റു പോയെന്നും കാർ കത്തിയെന്നും പോലീസും സമീപവാസികളും പറഞ്ഞു. മരിച്ചവർ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. UK 01 C 0009 എന്ന നമ്പരിലുള്ള കാർ ഉത്തരാഖണ്ഡിലേതെന്ന് പറയപ്പെടുന്നു. കാറിന്റെ നമ്പർ ഉപയോഗിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പോലീസും യുപിഡിഎ സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ നീക്കം ചെയ്തത്. അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ഉത്തരാഖണ്ഡ് സ്വദേശികളാണ്. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments