പത്തനംതിട്ട : പത്തനംതിട്ട മലയാലപ്പുഴയിൽ വാസന്തി മഠത്തിൽ നടന്ന ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധ ഒഴിപ്പിക്കൽ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ദുർമന്ത്രവാദിനിയായ ശോഭന ഒരു സ്ത്രീയെ അതിക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും.
ശരീരത്തിൽ കടന്നുകൂടിയിരിക്കുന്നത് ബാധയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിനെ പുറത്തുകൊണ്ടുവരാനെന്ന പേരിലാണ് ഇവർ ദുർമന്ത്രവാദം നടത്തുന്നത്. സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ച ശോഭന, അവരെ വലിച്ച് താഴെയിടുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവരുടെ നെഞ്ചിൽ ചവിട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്.
ദുർമന്ത്രവാദം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ പിടികൂടിയത്.
നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാസന്തി മഠം എന്ന സ്ഥാപനം നാട്ടുകാർ തല്ലിത്തകർക്കുകയായിരുന്നു. ബിജെപിയുൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പോലീസെത്തി ദുർമന്ത്രവാദിനിയെ പിടികൂടുകയുമുണ്ടായി.
Comments