തിരുവനന്തപുരം: കൊറോണ കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ താൻ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണന്ന് പറഞ്ഞിരിക്കുകയാണ് മുൻ മന്ത്രി. കൊറോണ കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്‌ക്ക് വാങ്ങിയത് മുഖ്യമന്ത്രി അറിഞ്ഞിരുന്നു. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് കെ.കെ.ശൈലജ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ അമ്പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞുവെന്നും ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്‌ക്കെന്നുമാണ് മുൻ മന്ത്രി അവകാശപ്പെടുന്നത്. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിപണി വിലയേക്കാള്‍ കൂടിയ വിലയില്‍ പിപിഇകിറ്റ് വാങ്ങിയതിനാണ് ശൈലജയ്‌ക്ക് അടക്കം ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്.
ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തില്‍ കെ.കെ ശൈലജയോടൊപ്പം കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്കും ലോകായുക്ത നോട്ടീസയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരുടെ ഹര്‍ജിയിലാണ് നടപടി.
Comments