രാവിലെ പക്ഷികളുടെ ശബ്ദം കേട്ട് എണീക്കാൻ എന്ത് സുഖമാണെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും, ഇല്ലേ. എങ്കിൽ ഈ ചിന്ത വളരെ നല്ലതാണെന്നാണ് ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. പക്ഷികളുടെ ശബ്ദം കേൾക്കുന്നത് മനുഷ്യരിൽ സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. മനസിന് സന്തോഷം നിറഞ്ഞ സമാധാന അന്തരീക്ഷം നൽകാൻ ഇത് വഴി സാധിക്കും. ജർമ്മനിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായവരുടെ മാനസികവും വൈകാരികവുമായ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിൽ പക്ഷികളുടെ ശബ്ദം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. നഗരത്തിലെ വാഹനങ്ങളുടേയും തിരക്ക് നിറഞ്ഞ അന്തരീക്ഷത്തിന്റേയും ശബ്ദവും, പക്ഷികളുടെ ശബ്ദവുമാണ് പരീക്ഷണ വിധേയമാക്കിയത്.
നേച്ചർ പോർട്ട്ഫോളിയോ ജേണലായ സയന്റിഫിക് റിപ്പോർട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 295 പേരാണ് പഠനത്തിന്റെ ഭാഗമായത്. വിവിധ തരം ശബ്ദങ്ങൾ വ്യത്യസ്ത മോഡുലേഷനുകളിലാണ് കേൾപ്പിച്ചത്. നഗരത്തിലെ വാഹനങ്ങളുടേയും മറ്റും ഉയർന്ന തോതിലും, താഴ്ന്ന നിലയിലുമുള്ള ശബ്ദം, പക്ഷികളുടെ ശബ്ദം എന്നിവയെല്ലാം രണ്ട് ഘട്ടങ്ങളായി കേൾപ്പിച്ചു. ശബ്ദം കേൾക്കുന്നതിന് മുൻപും ശേഷവുമായി ഒരു ചോദ്യാവലിയും പൂരിപ്പിക്കേണ്ടതുണ്ട്. ശബ്ദം കേൾക്കുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങൾ സന്തോഷം, സങ്കടം, ആശങ്ക തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം രേഖപ്പെടുത്താനും ഉണ്ടായിരുന്നു.
നഗരവത്കരണം ആളുകളെ ഏറ്റവും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്നും പഠനം പറയുന്നു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. 2050 ആകുമ്പൊഴേക്കും ലോകജനസംഖ്യയുടെ 70 ശതമാനം പേരും ഇത്തരം പ്രദേശങ്ങളിലേക്ക് ചേക്കേറും. മനുഷ്യന്റെ മാനസികാരോഗ്യത്തെ ഇത് ബാധിക്കും, ഇതിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു
















Comments