ഡെറാഡൂൺ: തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ് ധാമും സോൻപ്രയാഗും തമ്മിലുള്ള ദൂരത്തിൽ മണിക്കൂറുകളോളം കുറവ് വരാൻ സഹായിക്കുന്ന കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് ഉത്തരാഖണ്ഡ് സർക്കാർ അംഗീകാരം നൽകി. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിൽ എത്താനിരിക്കെയാണ് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകയത്. റോപ്‌വേ നിർമ്മാണം പൂർത്തിയാകുന്നതോടെ സോൻപ്രയാഗും കേദാർനാഥ് ധാമും തമ്മിലുള്ള യാത്ര ദൂരം വളരെ അധികം കുറയും.
നിലവിൽ കാൽനടയായോ പോണിയിലോ ആണ് തീർത്ഥാടകർ സഞ്ചരിക്കാറുള്ളത്. ഇങ്ങനെ യാത്ര പൂർത്തിയാക്കാൻ 8 മുതൽ 12 മണിക്കൂർ വരെ എടുക്കും. എന്നാൽ ഈ റോപ്‌വേ പദ്ധതി പൂർത്തിയായാൽ തീർത്ഥാടകർക്ക് കേവലം ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. 26 ഹെക്ടർ ഭൂമി കേദാർനാഥ് മേഖലയിൽ നിന്ന് ഏറ്റെടുക്കും. കേന്ദ്ര സർക്കാരിന്റെ പരിവരമ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
കേദാർനാഥ് റോപ്‌വേ വഴി സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കുള്ള ദൂരം 13 കിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്ന് 11,500 അടി (3,500 മീറ്റർ) ഉയരത്തിലായിരിക്കും റോപ്‌വേ വരുന്നത്. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്‌വേകളിൽ ഒന്നായിരിക്കും ഇത്. 1200 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















Comments