സിൽഹട്ട്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ 8 വിക്കറ്റിനാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയം. ഏഷ്യാ കപ്പിൽ ഇത് ഇന്ത്യയുടെ ഏഴാം കിരീട നേട്ടമാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 3 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 5 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗ് ആണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്. രാജേശ്വരി ഗെയ്ക്വാദിനും സ്നേഹ് റാണക്കും 2 വിക്കറ്റ് വീതം ലഭിച്ചു. ശ്രീലങ്കയുടെ മുൻനിരയും മദ്ധ്യനിരയും അമ്പേ തകർന്നപ്പോൾ, 18 റൺസ് എടുത്ത രണവീരയും 13 റൺസ് എടുത്ത രണസിംഗെയും മാത്രമാണ് രണ്ടക്കം കടന്നത്. ശ്രീലങ്കയുടെ രണ്ട് ഓപ്പണർമാരും റൺ ഔട്ട് ആയി.
മറുപടി ബാറ്റിംഗിൽ അടിച്ചു തകർത്ത് കളി തുടങ്ങിയ ഇന്ത്യ 8.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് അടിച്ച് കിരീടം സ്വന്തമാക്കി. 25 പന്തിൽ 51 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അസാമാന്യ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച രേണുക സിംഗ് ആണ് പ്ലെയർ ഓഫ് ദി മാച്ച്. ഇന്ത്യയുടെ ദീപ്തി ശർമ്മയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്.
















Comments