കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്നതിനനുസരിച്ച് തിരിച്ചടി ശക്തമാക്കി യുക്രെയ്ൻ. റഷ്യൻ അതിർത്തി മേഖലയിൽ രണ്ടു തവണ സ്‌ഫോടനം നടത്തിയാണ് യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ കനത്ത ആക്രമണം നടത്തി റഷ്യ മുന്നേറുന്നതിനിടെയാണ് നാറ്റോയുടെ സഹായത്തോടെ യുക്രെയ്ൻ തിരിച്ചടിയ്‌ക്കുന്നത്. അതിർത്തി നഗരങ്ങളായ ഒക്ടിയാബ്രസ്‌കി, ബെൽഗോറോഡി, നോവി ഒസ്‌കി എന്നീ നഗരങ്ങളിലാണ് യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയത്.
റഷ്യയുടെ മിസൈലുകളേയും ഡ്രോണുകളേയും തകർക്കുന്നതിൽ പലയിടത്തും വിജയി ച്ചെന്നാണ് യുക്രെയ്ൻ പറയുന്നത്. ബെൽഗൊറോഡ് നഗരത്തിൽ 16 നില കെട്ടിടം മിസൈൽ തകർത്തെന്നും സൂചനയുണ്ട്. ആളപായം എത്രയെന്ന് റഷ്യ പുറത്തുവിട്ടിട്ടില്ല. ടോച്ച്കാ സീരീസിൽപ്പെട്ട എസ്എസ്-21 ബാലിസ്റ്റിക് മിസൈലുകളാണ് യുക്രെയ്ൻ ഉപയോഗി ച്ചിരിക്കുന്നത്. മിസൈലുകൾ തകർത്ത റെയിൽ സംവിധാനം റഷ്യ കുറേ നാളുകളായി ഉപയോഗിക്കാത്ത യാത്ര മേഖലയാണെന്നും സൂചനയുണ്ട്.
റഷ്യയുടെ മിസൈലുകളെ തകർക്കുന്ന ദൃശ്യങ്ങൾ യുക്രെയ്ൻ സമൂഹമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തോളിൽവെച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് ലോഞ്ചറുകളുപയോഗിച്ച് റഷ്യൻ മിസൈലുകളെ തകർക്കുന്നതും സൈനികർ ആർത്ത് വിളിക്കുന്നതും വീഡിയോകളിലുണ്ട്. ഇന്നലെ മുതലാണ് റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ ആസൂത്രിത ആക്രമണം ആരംഭിച്ചത്. ജനവാസ മേഖലകൾ, റെയിൽ സംവിധാനം എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. അതിർത്തി നഗരങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടതായും റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















Comments