വിശാഖപട്ടണം : ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽ നിന്നും ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലിന്റെ പ്രഹര ശേഷിയിൽ അമ്പരന്ന് ലോകരാഷ്‌ട്രങ്ങൾ. ദീർഘദൂരത്തിൽ ആണവ പ്രഹരം നടത്താവുന്ന മിസൈലാണ് അതീവ കൃത്യതയോടെ നാവിക സേന പരീക്ഷിച്ചത്.
പ്രതിരോധ വകുപ്പ് പുറത്തുവിട്ട വിശദമായ റിപ്പോർട്ടാണ് ലോകശക്തികൾക്ക് മുന്നിൽ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധവും ചൈനയുടെ പസഫിക്കിലെ പ്രകോപനങ്ങളും നിലനിൽക്കേ ഇന്ത്യയുടെ തയ്യാറെടുപ്പ് ക്വാഡ് സഖ്യത്തിനും മേഖലയിലെ ചെറുരാജ്യങ്ങൾക്കും ഗുണമാവുകയാണ്.
ഇന്ത്യയുടെ ആണവോർജ്ജ അന്തർവാഹിനി അരിഹന്തിൽ നിന്നും ഇന്നലെയാണ് മിസൈലുകൾ കുതിച്ചുപാഞ്ഞത്. കടലിനടിയിൽ നിന്നും തിരകളെ തുളച്ച് ആകാശത്തേക്ക് കുതിച്ച മിസൈൽ സ്വയം നിയന്ത്രിത കംപ്യൂട്ടർ സംവിധാനത്തിലൂടെ ബംഗാൾ ഉൾക്കടലിലെ വിദൂര ലക്ഷ്യം തകർത്തു. 750 കിലോമീറ്ററിലെ ലക്ഷ്യമാണ് മിസൈൽ തകർത്തത്. ഇതിനൊപ്പം ഇനി പരീക്ഷിക്കാനുള്ളത് 3,500 കിലോമീറ്റർ ദൂരം താണ്ടുന്ന മിസൈലാണെന്നതും ലോകശക്തികളെ അമ്പരപ്പിക്കുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലേയും പസഫിക്കിലേയും അപ്രതിരോധ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യയെ പ്രഹരശേഷിയുള്ള രാജ്യമാക്കി യെന്നും നാവികസേന പറഞ്ഞു. അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാൻ മാത്രമായി വികസിപ്പിച്ച അത്യാധുനിക മിസൈലുകളാൽ ഇന്ത്യ സമ്പന്നമായിരിക്കുന്നു. എല്ലാം തദ്ദേശീയമായി ഡിആർഡിഒ വികസിപ്പിച്ചതാണെന്നതും ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതായും നാവികസേന അറിയിച്ചു.
ഏത് ശത്രുനിരയേയും അതിശക്തമായി നേരിടാൻ ഇന്ത്യയ്‌ക്ക് ആകുമെന്ന ആത്മവിശ്വാ സമാണ് നാവിക സേന പറയുന്നത്. ഹൃസ്വദൂരത്തിലും ദീർഘദൂരത്തിലും സഞ്ചരിക്കാൻ ശേഷിയുള്ള അന്തർവാഹിനി-ബാലിസ്റ്റിക് മിസൈലുകളാണ് ഡിആർഡിഒ നാവിക സേനയ്‌ക്ക് വിവിധ ഘട്ടങ്ങളിലായി നൽകിക്കൊണ്ടിരിക്കുന്നത്.
Comments