ഇടുക്കി: ജില്ലയിൽ പെൺകുട്ടികൾ വീട് വിട്ടു പോകുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇടപെടലുമായി കോടതി. സംഭവത്തിൽ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നും രണ്ട് പെൺകുട്ടികൾ നാട് വിട്ട് പോയിരുന്നു. ഇവരെ കണ്ടെത്തി ഹാജരാക്കിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
പ്രശ്‌നം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. കഴിഞ്ഞ ആഴ്ചയാണ് 21 ഉം, 24 ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെ മൂന്നാറിൽ നിന്നും കാണാതായത്. മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഒരാളെ കോയമ്പത്തൂരിൽ നിന്നും രണ്ടാമത്തെയാളെ ഹൊസൂരിൽ നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് കേരളത്തിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.
തങ്ങൾക്ക് മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു കോടതിയിൽ ഇവർ പറഞ്ഞത്. ഒറ്റയ്‌ക്ക് ജീവിക്കാനാണ് താത്പര്യമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ കോടതി ഇവരെ വീട്ടുകാർക്കൊപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ 10 മാസത്തിനിടെ 10 പെൺകുട്ടികളാണ് ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടന്നത്. ചിലർ പ്രണയിച്ചവർക്കൊപ്പം പോയപ്പോൾ മറ്റ് ചിലർ പോയത് തൊഴിൽ അന്വേഷിച്ചാണ്.
















Comments