എറണാകുളം: വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ വിവാദമായ വാരിയൻ കുന്നന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് നിവേദനം നൽകി തൃപ്പൂണിത്തുറ പൈതൃക സംരക്ഷണ സമിതി. തൃപ്പൂണിത്തുറയുടെ പൈതൃകവും, സംസ്കാരവും തകർക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൈതൃക സംരക്ഷണ സമിതി രക്ഷാധികാരി എംആർഎസ് മേനോനാണ് നിവേദനം കൈമാറിയത്. മെട്രോ സ്റ്റേഷനിൽ വാരിയം കുന്നന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
വാരിയൻ കുന്നന്റെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് പൈതൃക സംരക്ഷണ സമിതി വിവിധ ഭരണകർത്താക്കളെ സന്ദർശിച്ച് വസ്തുത ബോധിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ബെഹ്റയെയും സന്ദർശിച്ചത്. തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെയും നേരിൽ കണ്ട് പൈതൃക സംരക്ഷണ സമിതി നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബെഹ്റയ്ക്കും നിവേദനം നൽകിയത്.
എസ്എൻ ജംഗ്ഷൻ, തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനുകളിൽ തൃപ്പൂണിത്തുറയുമായി ബന്ധപ്പെട്ട ചരിത്രവും, സ്മൃതികളും രേഖപ്പെടുത്തണമെന്നും സമിതി അദ്ദേഹത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി അധ്യക്ഷൻ അനീഷ് ചന്ദ്രൻ, അംഗങ്ങളായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, വിബിൻ നാരായണൻ, ഉണ്ണികൃഷ്ണൻ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.
Comments