ജമ്മു: കശ്മീർ താഴ്‌വരയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ സഹോദരി. ഭീകരർ ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും സഹോദരി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് ഭീകരർ സ്‌കൂളിൽ അതിക്രമിച്ച് കയറി ഹിന്ദു അദ്ധ്യാപകരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. അന്ന് അദ്ധ്യാപകർ പരിസരത്ത് ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയ ദുരന്തം ഒഴിവായതെന്നും അവർ പറഞ്ഞു. ഹിന്ദുക്കൾ താഴ്‌വരയിൽ നിന്നും പലായനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കശ്മീരി പണ്ഡിറ്റായ പുരൻ കിശൻ കൊല്ലപ്പെടുന്നത്. മരണത്തിന് പിന്നാലെ ഭീകരസംഘടനായ കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. തുടർന്നും സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന് പ്രദേശത്തുള്ളവർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താഴ്‌വരയിൽ പരിഭ്രാന്തി പടർന്നിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും അഭ്യർത്ഥിക്കുന്നതായി സഹോദരി പറഞ്ഞു. പുരൺ ഭട്ടിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.
Comments