ജ്യൂസും ഷെയ്‌ക്കുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പഴങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതലായി ജ്യൂസാണ് നാം കഴിക്കാറുള്ളത്. ചിലർക്ക് പ്രഭാത ഭക്ഷണത്തോടൊപ്പവും മറ്റ് ചിലർക്ക് ഇടവേളകളിലും ജ്യൂസ് ഒരു ശീലമാണ്. എന്നാൽ ജ്യൂസ് കഴിക്കുന്നതിനേക്കാൾ ഉത്തമം പഴങ്ങൾ കഴിക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പഴങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ വെള്ളം ഒഴിച്ച് ജ്യൂസ് ആക്കുന്നതിലൂടെ ഈ നാരുകൾ നഷ്ടപ്പെടുന്നു. പഴങ്ങളിലെയും പച്ചക്കറികളിലെയും നാരുകൾ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. പഴങ്ങളും പച്ചക്കറികളും ജ്യൂസ് ആക്കുമ്പോൾ അതിന്റെ ഗുണങ്ങൾ മുഴുവനായും നമുക്ക് ലഭിക്കുന്നില്ല.
സമാനമായ രീതിയിൽ പഴങ്ങളും പച്ചക്കറികളും ജ്യൂസ് ആക്കുമ്പോൾ പോളിഫിനോളുകളും നഷ്ടപ്പെടാനിടയുണ്ട്. പലപ്പോഴും പഴത്തിനുള്ള മധുരം ജ്യൂസിന് ഉണ്ടാകില്ല. അപ്പോൾ മധുരത്തിനായി അൽപ്പം പഞ്ചസാര ചേർക്കാറുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. സ്ഥിരമായി പഞ്ചസാരയിട്ട ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തിനും ഇടയാക്കിയേക്കും. ടൈപ്പ് ടു പ്രമേഹത്തിനാകും ഇത് കാരണമാകുക.
ജ്യൂസ് ഇഷ്ടമാണെങ്കിലും ഭൂരിഭാഗം പേർക്കും ജ്യൂസ് പുറത്തുനിന്നാകും കഴിക്കാറുള്ളത്. കടകളിൽ നിന്നും സ്ഥിരമായി ജ്യൂസ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. ജ്യൂസിനായി ഉപയോഗിക്കുന്ന വെള്ളം, ജ്യൂസിലുപയോഗിക്കുന്ന പഴങ്ങൾ എന്നിവ ശുദ്ധമായിരിക്കണം. ഭൂരിഭാഗം കടകളിലും ഇതൊന്നും ശ്രദ്ധിക്കാറില്ല.
Comments