സാൻ സാൽവദോർ : എൽസാൽവദോറിൽ മാഫിയാ സംഘങ്ങൾക്കെതിരെ വൻവേട്ട. ആറുമാസത്തിനിടെ അമ്പതിനായിരം പേരെയാണ് നാർക്കോട്ടിക് സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടിയത്. പ്രാദേശിക ഗുണ്ടകൾ മുതൽ അന്താരാഷ്‌ട്ര ബന്ധമുള്ളവരടക്കം അരലക്ഷം പേരാണ് ജയിലിൽ അടയ്‌ക്കപ്പെട്ടതെന്ന് എൽസാൽവദോർ പ്രസിഡന്റ് നയ്യിബ് ബുക്കലേ അവകാശപ്പെട്ടു.
എൽസാൽവദോർ നിയമസഭയാണ് രാജ്യത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും മയക്കു മരുന്ന് വിൽപ്പനയ്‌ക്കും മനുഷ്യക്കടത്തിനെതിരേയും നടപടിയ്‌ക്ക് ശുപാർശ ചെയ്തത്. കനത്ത നടപടികളിലേയ്‌ക്ക് നാർക്കോട്ടിക് വകുപ്പും ഭീകര വിരുദ്ധ സ്‌ക്വാഡുമാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ തിരിച്ചിൽ നടത്തിയത്. ഇതുവരെ 55,000 പേരാണ് അഴിക്കുള്ളിലായത്. വിവിധ അന്വേഷണ ഏജൻസികൾക്ക് പ്രത്യേക അധികാരം നൽകാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുസ്റ്റാവോ വില്ലാറ്റോറോ നിർദ്ദേശിക്കുകയായിരുന്നു.
വൻതോതിൽ ഗുണ്ടാസംഘങ്ങളുടെ പോരാട്ടം നിരവധി പേരുടെ ജീവനെടുത്തിരുന്നു. പല ഗ്രാമത്തിലും നഗരത്തിലും സാധാരണക്കാരുടെ ജീവിതം നരകതുല്യമായതോടെയാണ് പാർലമെന്റിൽ ഐകകണ്‌ഠ്യേന തീരുമാനം എടുത്തത്. 81 പേരിൽ 14 പേർ മാത്രമാണ് തീരുമാനത്തെ എതിർത്തത്. ജനാധിപത്യത്തിൽ അടിയുറച്ചാണ് എൽസാൽവദോർ മുന്നോട്ട് പോകുന്നത്. ജനങ്ങളാണ് ഭരണകൂടത്തിന്റെ ശക്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒന്നും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഭരണകൂടം വ്യക്തമാക്കി.
















Comments