ലക്‌നൗ: ഉത്തർപ്രദേശിൽ നടക്കുന്ന മദ്രസ സർവ്വേയുമായി ബന്ധപ്പെട്ട് യോഗി സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് അധികൃതർ. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്നവയിൽ ആറായിരത്തിലധികം മദ്രസകളും അംഗീകാരമില്ലാത്തവയാണെന്ന് കണ്ടെത്തി. 6,502 മദ്രസകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ഒരു ബോർഡുമായും ഇവ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.
അംഗീകാരമില്ലാതെ നടത്തുന്ന മദ്രസകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുന്നതിന് മുമ്പായി ഇത്തരം മദ്രസകൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നൽകിയ നിർദേശപ്രകാരമാണ് മദ്രസകളുടെ സർവേ നടപടികൾ പുരോഗമിക്കുന്നത്.
യുപിയിൽ മദ്രസ ബോർഡുമായി ബന്ധമില്ലാത്ത നിരവധ മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നും അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് 16,513 എണ്ണം മാത്രമാണെന്നും ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അറിയിച്ചിരുന്നു. ഓരോ മദ്രസയിലും എത്ര വിദ്യാർത്ഥികളുണ്ട്, എത്ര അധ്യാപകരുണ്ട്, ശമ്പളം നൽകുന്ന രീതി, അടിസ്ഥാന സൗകര്യങ്ങളുടെ സാഹചര്യമെന്താണ്, പാഠ്യപദ്ധതി എന്നീ കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കുക കൂടിയാണ് മദ്രസ സർവ്വേ നടത്തുന്നതിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ എത്ര മദ്രസകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിക്കാനും സർവേ സഹായിക്കുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആവശ്യപ്രകാരം കൂടിയാണ് സർക്കാർ സർവ്വേ നടത്തുന്നത്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ന്യൂനപക്ഷ ക്ഷേമ ഓഫീസർ എന്നിവരടങ്ങുന്ന സംഘം സെപ്റ്റംബർ 13-നായിരുന്നു ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. അവർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കും. തുടർന്ന് ഒക്ടോബർ 25നകം മുഴുവൻ റിപ്പോർട്ടും യുപി സർക്കാരിന് കൈമാറും. റിപ്പോർട്ടുകൾ വിശകലനം ചെയ്ത ശേഷം ഉത്തർപ്രദേശ് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
















Comments