ന്യൂഡൽഹി : തിമിര ശസ്ത്രക്രിയയ്‌ക്ക് ശേഷം രാഷ്‌ട്രപതി ദ്രൗപതി മുർമു ആശുപത്രി വിട്ടു. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് രാഷ്‌ട്രപതിക്ക് ഞായറാഴ്ച തിമിര ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായതിനെത്തുടർന്നാണ് മുർമു ആശുപത്രി വിട്ടത്. രാഷ്‌ട്രപതിഭവൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
ബ്രിഗേഡിയർ എസ് കെ മിശ്രയും സംഘവുമാണ് രാഷ്‌ട്രപതിക്ക് ശസ്ത്രക്രിയ നടത്തിയത്. സർവ്വസൈന്യാധിപ എന്ന പദവി വഹിക്കുന്ന മുർമുവിന് സേനയുടെ സർവ്വസജ്ജമായ ആശുപത്രിയിലാണ് ചികിത്സാ സൗകര്യമൊരുക്കിയത്.രാവിലെ 11.30 മണിയോടെയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ വർഷം മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും ഇതേ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്ത്യയുടെ 15-ാമത്തെ രാഷ്‌ട്രപതിയാണ് ദ്രൗപതി മുർമു.64 കാരിയായ മുർമു 2022 ജൂലൈ 25 നാണ് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. 2015 മുതൽ 2021 വരെ മുർമു ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള വനവാസി സമുദായത്തിൽപ്പെട്ട വ്യക്തിയാണ് മുർമു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ വനവാസിയുമാണ് മുർമു.
















Comments