തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ച് പോസ്റ്റ് ഇപ്പോൾ ട്രോളുകളിൽ ഇടം നേടുകയാണ്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുതിർന്ന നേതാക്കൾ തൊട്ട് യുവനേതാക്കൾ വരെ. ‘ജനാധിപത്യത്തിന്റെ സൗന്ദര്യവും വിജയവുമാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത്’ എന്നാണ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ”ഇന്ന്’ എന്നതുകൊണ്ട് നേതാവ് ഉദ്ദേശിച്ചത് തൊട്ടുമുമ്പ് വരെ കോൺഗ്രസിൽ നിലനിന്നിരുന്നത് കുടുംബാധിപത്യം ആയിരുന്നു എന്നതാണോ’ എന്ന് സോഷ്യൽ മീഡിയിൽ പരിഹാസം ഉയരുന്നു.
‘ജനാധിപത്യത്തിന്റെ സൗന്ദര്യവും വിജയവുമാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള കോൺഗ്രസ് ഓഫീസുകളിൽ കാണുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് നൽകുവാൻ വേണ്ടി തലമുതിർന്ന നേതാക്കൾ മുതൽ ചെറുപ്പക്കാർ വരെ വരിവരിയായി കാത്തു നിൽക്കുകയാണ്. മറ്റേത് പാർട്ടിയിൽ നിങ്ങൾക്ക് ഇത് കാണാൻ കഴിയും സുഹൃത്തുക്കളേ? കോൺഗ്രസിന്റെ ചരിത്രത്തിൽ അധിഷ്ഠിതമായി, വർത്തമാനകാല രാഷ്‌ട്രീയ സാഹചര്യത്തിലും ഭാവിയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു നിലപാടിന് വേണ്ടി എന്റെ സമ്മതിദാനവകാശം ഞാൻ നിർവഹിച്ചു. ആത്യന്തികമായി വിജയം പാർട്ടിക്കായിരിക്കും’ എന്നാണ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജ്ജുന ഖാർഗെയ്ക്കെതിരെ ശശി തരൂർ മത്സരിക്കുന്നത് കേരളത്തിൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. കോൺഗ്രസിന്റെ ജനാധിപത്യ സ്വഭാവമാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല അടക്കമുള്ളവർ പറയുമ്പോഴും, തരൂർ അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നത് കോൺഗ്രസ് നേതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഗാന്ധി കുടുംബം അതല്ലെങ്കിൽ ഗാന്ധി കുടുംബത്തിന് നിയന്ത്രിയ്‌ക്കാൻ കഴിയുന്ന ഒരാൾ അദ്ധ്യക്ഷനാവണം എന്ന് പറയാതെ പറയുകയാണ് രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.മുരളീധരൻ, വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ.
















Comments