ഷില്ലോങ്: അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ വിവാന്ത മേഘാലയ ഷില്ലോങ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. താമസിയാതെ അതിഥികൾക്കായി ഹോട്ടൽ തുറക്കും. മേഘാലയയുടെ ചരിത്രത്തിലെ നിർണായകമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (MTDC) ഉടമസ്ഥതയിലുള്ളതാണ് ഏകദേശം 8,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഹോട്ടൽ. 101 മുറികളും സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്, കോഫി ഷോപ്പുകൾ, ബാർ, റീട്ടെയിൽ ഷോപ്പുകൾ, വിരുന്നുഹാൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്. ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) നു 33 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.
1986 ൽ ഹോട്ടലിന്റെ പണികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് പൂർത്തീകരിച്ചത്. ഈ സർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണമാണ് ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാന്താ മേഘാലയ ഷില്ലോങ്ങും ഷില്ലോങ്ങിൽ തന്നെ വരാനിരിക്കുന്ന ഹോട്ടൽ കോർട്ട്യാർഡ് ബൈ മാരിയറ്റ് എന്നിവയും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ ഉത്തേജനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന നിലവാരമുള്ള മുറികളുടെ അഭാവം സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്. ഷില്ലോങ്ങിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സാന്നിധ്യം ഉയർന്ന ക്ലാസിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനും ദേശീയ, അന്തർദേശീയ സംഗീത-കായിക പരിപാടികളും മറ്റ് സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കാനും വഴിയൊരുക്കും. ഷില്ലോങ്ങിലെ വിവാന്ത മേഘാലയ സംസ്ഥാനത്ത് ആഡംബര ടൂറിസത്തിന്റെ ഒരു യുഗത്തിന് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ എടുത്തിട്ടുണ്ട്. വെസ്റ്റ് ഗാരോ ഹിൽസിലെ സകലഡുമ, വെസ്റ്റ് ജയന്തിയാ ഹിൽസിലെ ഷ്‌നോങ്പ്ഡെംഗ്, കിഴക്കൻ ഖാസി ഹിൽസിലെ സോഹ്റ, റിഭോയിയിലെ മൗലിൻഡെപ്, നോങ്മാഹിർ, വെസ്റ്റ് ഖാസി ഹിൽസിലെ നോങ്ഖ്നം, വെസ്റ്റ് ഖാസി ഹിൽസിലെ നോങ്ഖ്നം, പടിഞ്ഞാറൻ ജെയിന്റ്ലാസ്‌കിൻ, തദ്ലാസ്‌കിൻ എന്നിവിടങ്ങളിൽ വലിയ റിസോർട്ടുകളുടെയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം ഇതിൽ ഉൾപ്പെടുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















Comments