ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ബെല്ലാരിയിൽ ലഭിച്ചത് ഉജ്ജ്വല വരവേൽപ്പാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പങ്കുവെച്ച ചിത്രം വ്യാജം. കർണാടകയിലെ ബെല്ലാരിയിൽ എത്തിയ രാഹുലിന്റെ പ്രസംഗം കേൾക്കാൻ ലക്ഷക്കണക്കിനാളുകൾ തടിച്ചുകൂടിയെന്ന് കാണിച്ച് മദ്ധ്യപ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ജിതേന്ദ്ര പട്‌വാരി പങ്കുവെച്ച ചിത്രമാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ പട്‌വാരിക്ക് നേരെ സമൂഹാമദ്ധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു.
ക്രൈസ്തവരുടെ ചടങ്ങുമായി ബന്ധപ്പെട്ട് നൈജീരിയയിൽ നിരവധി പേർ ഒത്തുകൂടിയ ചിത്രമായിരുന്നു രാഹുലിന്റെ പ്രസംഗം കേൾക്കാനെത്തിയ ആളുകളാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് പങ്കുവെച്ചത്. വ്യാജ പോസ്റ്റിനെതിരെ കടുത്ത വിമർശനമുണ്ടായതോടെ പട്‌വാരി പോസ്റ്റ് പിൻവലിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഭാരതം മുഴുവനും തങ്ങളോടൊപ്പമുണ്ടെന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാൽ റിവേഴ്‌സ് സെർച്ചിലൂടെ ഫാക്ട് ചെക്ക് ചെയ്ത് ചിത്രം വ്യാജമാണെന്ന് ജനങ്ങൾ കണ്ടെത്തിയത് വളരെ വേഗമായിരുന്നു.
ഭാരത് ജോഡോ യാത്രയല്ല ‘ജൂഠ്’ യാത്രയാണെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പിന്നീടുയർന്ന പരിഹാസം. ഫാക്ട് ചെക്ക് നടത്തി ഇത്തരം പ്രഹസനങ്ങളുടെ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയുമെന്ന് പോലും കോൺഗ്രസ് നേതാക്കൾക്ക് അറിയാതെ പോയെന്നും ചിലർ പ്രതികരിച്ചു.
Comments