ന്യൂഡൽഹി: ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസന് ഇന്ത്യൻ വിദ്യാർത്ഥിക്ക് മുന്നിൽ വീണ്ടും പരാജയം. ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷാണ് കാൾസനെ അട്ടിമറിച്ചത്. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലായിരുന്നു ഗുകേഷിന്റെ ചരിത്ര വിജയം.
വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന്റെ വിജയം 29 നീക്കങ്ങൾക്കൊടുവിലായിരുന്നു. 16 വയസ്സും 4 മാസവും 20 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. ഈ വിജയത്തോടെ, ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഗുകേഷ് സ്വന്തമാക്കി. 16 വയസും 6 മാസവും പ്രായമുണ്ടായിരുന്നപ്പോൾ കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം പ്രജ്ഞാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്.
ടൂർണമെന്റിൽ നേരത്തേ ഇന്ത്യൻ താരം അർജുൻ എരിഗിയാസിയും മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയിരുന്നു. 12 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ഗുകേഷ് മൂന്നാം സ്ഥാനത്തും പത്തൊൻപത് വയസ്സുകാരനായ അർജുൻ എരിഗിയാസി നാലാം സ്ഥാനത്തും കാൾസൻ അഞ്ചാം സ്ഥാനത്തുമാണ്.
Comments