പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലപാതകക്കേസിൽ ഇന്ന് പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും, നടത്തിയിരുന്ന ഹോട്ടലിലും, പത്മത്തെ ഇലന്തൂരിലെത്തിക്കാൻ കാറിൽ കയറ്റിയ സ്ഥലത്തുമായിരിക്കും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിൽ ഇന്നലെ മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.
സെപ്തംബർ 26 ന് രാവിലെ പത്ത് മണിക്കായിരുന്നു ഷാഫി പത്മത്തെ കാറിൽ കയറ്റി കൊണ്ടുപോയത്.ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.പത്മവുമായി മുഹമ്മദ് ഷാഫി കൂടിക്കാഴ്‌ച്ച നടത്തിയ സ്ഥലങ്ങളിലും ഷാഫിയെ തെളിവെടുപ്പിനെത്തിക്കും. ഷേണായിസ് റോഡിൽ ഷാഫി നടത്തിയ ഹോട്ടലിലും, ഇയാൾ നിരവധി സ്ത്രീകളെയെത്തിച്ചിരുന്ന സമീപത്തെ കേന്ദ്രത്തിലും തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കൊച്ചിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇലന്തൂരിലേക്കും കൊണ്ടു പോകും. കൊലപ്പെടുത്താനായി പത്മയെ കൊണ്ടുപോയത് വ്യക്തമാവുന്ന നിരവധി സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം പത്മത്തിന്റെ ശരീരത്തിൽ നിന്ന് ഊരിയെടുത്ത സ്വർണം പണയപ്പെടുത്തിയ ഗാന്ധി നഗറിലെ പണമിടപാട് സ്ഥാപനത്തിൽ മുഹമ്മദ് ഷാഫിയെ ഇന്നലെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നടത്തിയ തെളിവെടുപ്പിൽ ഷാഫി പണയം വച്ച അഞ്ച് പവൻ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. സ്വർണം പണയം വച്ച് ഒരു ലക്ഷത്തി പതിനായിരം രൂപയും ഇയാൾ വാങ്ങിയിരുന്നു. ഇതോടൊപ്പം കേസിൽ ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായുള്ള വൈദ്യ പരിശോധനയും ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്നിരുന്നു.
ഡി എൻ എ പരിശോധനയ്‌ക്കായി പ്രതികളുടെ ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.ക്രൂര പീഡനങ്ങൾക്ക് ശേഷമാണ് റോസ് ലിയെയും പത്മത്തെയും കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ആഭിചാര കൊലക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ ഈ മാസം 24 വരെയാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ വിശദമായ ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്.
















Comments