കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്‌ക്ക് കൂടുതൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മുൻപ് മറ്റേതെങ്കിലും സമാന സംഭാവനകൾ ഷാഫി ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
16 മുതൽ 52 വയസ്സുവരെയുള്ള കാലത്തെ ഇയാളുടെ പ്രവർത്തന മേഖലകളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. ഇക്കാലത്ത് ഇയാൾ താമസിച്ച സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളിൽ തെളിയാത്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ചും പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൊലപാതകികളെ കണ്ടെത്താനാകാത്ത പല കേസുകളിലെയും പ്രതികളുടെ ഡിഎൻഎ ഫലം പോലീസിന്റെ കൈവശമുണ്ട്. വിവിധ കേസുകളിൽ പിടിയിലാകുന്നവരുടെ ഡിഎൻഎ സാമ്പിൾ പരിശോധിക്കുമ്പോഴാണ് തെളിയ്‌ക്കപ്പെടാത്ത കേസുകളിലെ യഥാർത്ഥ പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരത്തിൽ തെളിയിക്കപ്പെടാത്ത ഏതെങ്കിലും കേസിൽ ഷാഫി പങ്കാളി ആയോ എന്നത് ഡിഎൻഎ ഫലം പുറത്തുവരുന്നതോടെ കണ്ടെത്താനാകും.
Comments