തങ്ങളുടെ എസ്‍യുവി മോഡലുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര. XUV300, ബൊലേറോ, മരാസോ തുടങ്ങിയ മോഡലുകൾക്കും ശേഷിക്കുന്ന മുൻ തലമുറ സ്കോർപിയോയ്‌ക്കുമാണ് കമ്പനി വില കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കോർപിയോയ്‌ക്ക് 1.75 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയാണ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. ചില മോഡലുകളിൽ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ബ്രാന്റിന്റെ കൂടുതൽ ജനപ്രിയ മോഡലുകളായ ഥാർ, XUV700, പുതിയ സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് എന്നിവയ്‌ക്ക് കിഴിവുകളൊന്നും കമ്പനി നൽകിയിട്ടില്ല.
- മഹീന്ദ്ര സ്കോർപ്പിയോ (മുൻ തലമുറ)-1,75,000 രൂപ വരെ കിഴിവ്
പഴയ സ്കോർപിയോയുടെ ശേഷിക്കുന്ന സ്റ്റോക്കിന് മഹീന്ദ്ര 1.75 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര അടുത്തിടെ മുൻ തലമുറ സ്കോർപിയോയെ സ്കോർപിയോ ക്ലാസിക് ആയി പുനർനിർമ്മിച്ചിരുന്നു. എന്നാൽ പഴയ മോഡൽ തിരഞ്ഞെടുക്കുന്നതിലൂടെ വാങ്ങുന്നവർക്ക് വലിയ തുക ലാഭിക്കാനാകും. 20,000 രൂപയുടെ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മുൻ തലമുറ മോഡലിന് കരുത്തേകുന്നത്.
- മഹീന്ദ്ര XUV300- 58,500 രൂപ വരെ കിഴിവ്
110 എച്ച്പി, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 117 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 131 എച്ച്പി, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് മഹീന്ദ്ര XUV300 കോംപാക്ട് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. എഞ്ചിനെ ആശ്രയിച്ച്, വാങ്ങുന്നവർക്ക് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് AMT തിരഞ്ഞെടുക്കാം. ഈ മാസം, മഹീന്ദ്ര പെട്രോൾ വേരിയന്റുകളിൽ 58,500 രൂപ വരെയും XUV300 ന്റെ ഡീസൽ വേരിയന്റുകളിൽ 52,000 രൂപ വരെയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 25,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. XUV300-ന്റെ തിരഞ്ഞെടുത്ത ട്രിമ്മുകളിൽ 10,000 രൂപ വിലമതിക്കുന്ന ആക്‌സസറികളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പുതുതായി പുറത്തിറക്കിയ XUV300 TurboSport വേരിയന്റിന് കിഴിവുകളൊന്നും ലഭ്യമല്ല.
- മഹീന്ദ്ര മരാസോ- 35,200 രൂപ വരെ കിഴിവ്
മരാസോ എംപിവിയിൽ മൊത്തത്തിൽ 35,200 രൂപ കിഴിവ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. 20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 5,200 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. 2018-ൽ ലോഞ്ച് ചെയ്ത മരാസോയ്‌ക്ക് കരുത്തേകുന്നത് 123 എച്ച്പി, 1.5 ഡീസൽ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും നൽകിയിരിക്കുന്നു.
- മഹീന്ദ്ര ബൊലേറോ- 19,500 രൂപ വരെ കിഴിവ്
ഈ മാസം 19,500 രൂപ വരെ കിഴിവോടെ ബൊലേറോ സ്വന്തമാക്കാം. ഇതിൽ 10,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. ബൊലേറോയിൽ 8,500 രൂപയുടെ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സും, 75 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനും വാഹനത്തിന് കരുത്തേകുന്നു.
വാഹനങ്ങളുടെ കിഴിവുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ സ്റ്റോക്കിന്റെ ലഭ്യതയും അനുസരിച്ചിരിക്കും കിഴിവ്. കൃത്യമായ കിഴിവ് കണക്കുകൾക്കായി നിങ്ങളുടെ പ്രാദേശിക ഡീലറെ ബന്ധപ്പെടുക.
Comments