മുംബൈ: രാഹുൽ ഗാന്ധിയുടെ പേരും ഭഗവാൻ ശ്രീരാമന്റെ പേരും ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. അയോദ്ധ്യയിൽ നിന്നും ശ്രീലങ്കയിലേയ്ക്കുള്ള ശ്രീരാമന്റെ പാദയാത്രയെ രാഹുൽ ഗാന്ധിയുടെ പദയാത്രയോട് രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ ഉപമിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ രംഗത്തു വന്നത്. അവരുടെ പേരുകൾ ആരംഭിക്കുന്നത് ‘ര’ എന്ന അക്ഷരത്തിലാണ്. പക്ഷെ തങ്ങൾ ഇത് ഉയർത്തി കാണിച്ചു കൊണ്ട് പ്രചരണം നടത്തില്ല എന്ന് നാന പടോലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ഭഗവാൻ ശ്രീരാമന്റെ പേര് ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പേരും അങ്ങനെ തന്നെ. ഇത് യാദൃശ്ചികമാണ്. പക്ഷേ ഞങ്ങൾ രാഹുലിനെ ശ്രീരാമനോട് താരതമ്യം ചെയ്യാറില്ല. എന്നാൽ ബിജെപി അവരുടെ നേതാക്കൾക്കായി അങ്ങനെ ചെയ്യുന്നു. രാഹുൽ ഒരു മനുഷ്യനാണ്, അദ്ദേഹം രാജ്യത്തിന് വേണ്ടിയും മനുഷ്യത്വത്തിന് വേണ്ടിയും പ്രവർത്തിക്കുന്നു’ എന്നാണ് നാന പടോലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ശ്രീരാമന്റെ യാത്രയെയും രാഹുലിന്റെ യാത്രയെയും രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ താരതമ്യം ചെയ്തതോടെ കോൺഗ്രസിന്റെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തു വന്നിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര കടക്കുന്നതിന് മുന്നേയുള്ള കോൺഗ്രസിന്റെ അടവാണിതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നു. ഒരേസമയം ശ്രീരാമന്റെ യാത്രയോട് ഉപമിക്കുകയും, എന്നാൽ തങ്ങൾ താരതമ്യം ചെയ്യുകില്ല എന്ന് വാദിക്കുകയുമാണ് നാന പടോലെ. രാമനും ശങ്കരാചാര്യരും നടത്തിയതു പോലെ രാഹുൽ ഗാന്ധിയും പദയാത്ര നടത്തുന്നുവെന്നും അദ്ദേഹത്തിനൊപ്പം ജനങ്ങൾ അണിനിരക്കുന്നു എന്നുമാണ് നാന പടോലെ പറഞ്ഞത്.
Comments