ന്യൂഡൽഹി: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ. മുംബൈയിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
2023ൽ പാകിസ്താനിലാണ് ഏഷ്യാ കപ്പെങ്കിൽ, ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇന്ത്യൻ ടീം പാകിസ്താനിൽ പോകുന്നില്ലെന്ന് ജയ് ഷാ വ്യക്തമാക്കുകയായിരുന്നു. 2023 ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കുമെന്നും, പാകിസ്താനിലായിരിക്കില്ലെന്നും ജയ് ഷാ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും പരസ്പരം രണ്ട് കളികളിൽ ഏറ്റുമുട്ടിയപ്പോൾ, ഇരു ടീമുകളും ഓരോ മത്സരങ്ങളിൽ വിജയിച്ചിരുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരം ഒക്ടോബർ 23നാണ്. ഈ മത്സരത്തിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Comments