തിരുവനന്തപുരം: ദേശീയ പാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം പ്രേം നസീറിന്റെ സിനിമ കളിക്കുന്ന കാലം തൊട്ട് മലയാളികളുടെ സ്വപ്‌നം ആണെന്ന് റിയാസ് പറഞ്ഞു. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലുള്ളത്. അതാണ് വീതി കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. നല്ല ഡിസൈനുളള റോഡുകളാണ് കേരളത്തിന് ആവശ്യം. പാലങ്ങള്‍, റോഡുകള്‍ ഇവയെല്ലാം സൗന്ദര്യവത്ക്കരിക്കാന്‍ കഴിയുന്ന എല്ലാ വകുപ്പുമായും ക്ലബുകളുമായും സംയോജിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് മന്ത്രിയുടെ അവകാശവാദം.
സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടേത് അല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞു. 3 ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30,000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്റേതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. 200 ലധികം റോഡുകള്‍ ഇത്തരത്തില്‍ വാട്ടർ അതോറിറ്റി സംസ്ഥാനത്ത് തകരാറിലാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുറേയധികം പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴയുടെ കാലം കൂടിയിട്ടുണ്ട്. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്യുന്നു. ഇത് താങ്ങാനുള്ള ഡ്രെയ്‌നേജ് സിസ്റ്റം കേരളത്തിലില്ലെന്നും മന്ത്രി തുറന്നു പറഞ്ഞു. നല്ല ഡിസൈനുളള റോഡുകള്‍ വേണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നമാകും. മാറ്റത്തെ ജനങ്ങള്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. മാറ്റത്തിനൊപ്പം നില്‍ക്കാത്ത ഉദ്യോഗസ്ഥരെ തിരുത്താന്‍ സാധിക്കുന്നുണ്ട്. 2023-ല്‍ കുറെ പരിഷ്‌കാരങ്ങള്‍ വകുപ്പ് ഉദേശിക്കുന്നുണ്ടെന്നും ശുചിത്വം, സൗന്ദര്യ വല്‍ക്കരണം എന്നിവയാണ് പ്രധാനമായി ആലോചിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
















Comments