ഹൈദരാബാദ്: തെലങ്കാനയിൽ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികളെ താലിയും മംഗല്യസൂത്രവും ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാതെ സുരക്ഷാ ജീവനക്കാർ. ആലിയാബാദിലെ വിദ്യാർത്ഥി ജൂനിയർ ആന്റ് ഡിഗ്രീ കോളേജിൽ ആയിരുന്നു സംഭവം. അതേസമയം ബുർഖ ധരിച്ചെത്തിയ മുസ്ലീം ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാനായി കടത്തിവിടുകയും ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷ നടന്നിരുന്നു. ഇത് എഴുതാൻ എത്തിയവരോട് ആയിരുന്നു സുരക്ഷാ ജീവനക്കാർ വിവേചന പരമായി പെരുമാറിയത്. പരീക്ഷാ ഹാളിലേക്ക് ആഭരണങ്ങൾ ധരിച്ച് കയറരുത് എന്നാണ് നിയമം. ഇത് പ്രകാരം വിവാഹം കഴിഞ്ഞ ഹിന്ദു വനിതാ ഉദ്യോഗാർത്ഥികൾ താലിയും മംഗല്യസൂത്രവും ഒഴികെ ബാക്കിയെല്ലാം അഴിച്ചുമാറ്റി. എന്നാൽ അതും അഴിച്ചു മാറ്റിയാൽ മാത്രമേ ഹാളിലേക്ക് പ്രവേശനം നൽകാൻ സാധിക്കൂവെന്ന് സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ എല്ലാവരും താലിയും മംഗല്യസൂത്രവും അഴിച്ചുമാറ്റി.
എന്നാൽ പരീക്ഷയ്‌ക്കായി ബുർഖയും ഹിജാബും ധരിച്ച് ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. ഇവരെ യാതൊരു പരിശോധനയും കൂടാതെ കടത്തിവിടുകയായിരുന്നു. ഉദ്യോഗാർത്ഥികൾക്കൊപ്പം എത്തിയവരിൽ ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Comments