ന്യൂഡൽഹി: കല്ലുവാതിക്കൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടൻ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. പിഴ അടക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മണിച്ചന്റെ ഭാര്യ ഉഷ നൽകിയ ഹർജിയിലാണ് ഉത്തരവ്. പിഴത്തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവയക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഇരുപത്തിരണ്ട് വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. വ്യാജമദ്യം തടയാൻ കഴിയാത്ത സർക്കാരിന് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകി കൂടെ എന്ന് കോടതി വാക്കാൽ ചോദിച്ചു.
കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ പിഴ അടയ്‌ക്കാതെ ജയിൽ മോചിതരാക്കിയതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി. ഇവരെ പിഴ അടയ്‌ക്കാതെ മോചിപ്പിച്ചത് കൂടി പരിഗണിച്ചാണ് മണിച്ചനേയും പിഴ അടയ്‌ക്കാതെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
















Comments