മലപ്പുറം: മക്കളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ.എട്ടും ഒമ്പതും വയസുള്ള മക്കളെയാണ് പൂട്ടിയിട്ടത്. ശേഷം ഇവരെ കേബിൾ വയറ് കൊണ്ടും ചൂരൽ കൊണ്ടും മാരകമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നു. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഓട്ടോ ഡ്രൈവറായ ഇയാൾ സ്ഥിരമായി ഭാര്യയെയും മക്കളെയും അടിച്ച് പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. മർദ്ദനത്തിന് ശേഷം വീട് പൂട്ടി പുറത്ത് പോവുകയാണ് പതിവ്. പിന്നീട് തിരികെ വരുമ്പോഴാണ് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്.
ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് 35-കാരനായ പിതാവിന്റെ ക്രൂരത പുറം ലോകമറിയുന്നത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments