മുംബൈ: ഭീകരതയ്‌ക്കെതിരെ പോരാടുകയെന്നതായിരിക്കണം ലോക രാഷ്‌ട്രങ്ങളുടെ മുൻഗണനയെന്ന് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഭൂമിയിലെ ഓരോ രാജ്യങ്ങളുടെയും പ്രഥമ പരിഗണന തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായിരിക്കണം. ഐക്യരാഷ്‌ട്രസഭയെ സംബന്ധിച്ചിടത്തോളം ഭീകവാദത്തിനെതിരായ പ്രവർത്തനത്തിനാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും മുംബൈയിൽ പ്രസംഗിക്കവെ അന്റോണിയോ ഗുട്ടാറസ് പറഞ്ഞു.
തീവ്രവാദം തികച്ചും തിന്മ നിറഞ്ഞ പ്രവൃത്തിയാണ്. ഒരു കാരണങ്ങൾക്കും നിലപാടുകൾക്കും ഭീകരവാദത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നത് ഓർക്കുക. ഇന്നത്തെ ലോകത്ത് തീവ്രവാദത്തിന് ഇടം നൽകാനാകില്ല. 166 പേരുടെ ജീവനപഹരിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണം ഇവിടെ നടന്നുവെന്നതിൽ അതിയായ ദുഃഖമുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർക്കുന്ന പ്രത്യേക ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഗുട്ടാറെസിന്റെ വാക്കുകൾ.
അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ഭാരതത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും അതിവേഗം വളർച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിലും കഴിഞ്ഞ 75 വർഷമായി ഇന്ത്യ സ്വായത്തമാക്കിയ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ഐഐടി ബോംബെയിൽ എത്തി സംസാരിക്കവെ യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗുട്ടാറെസ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
















Comments