യുദ്ധത്തിൽ റഷ്യയ്‌ക്ക് കൂട്ടായി ഇറാന്റെ മിസൈലുകളും; നീക്കംയുക്രെയ്ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ
ടെഹ്‌റാൻ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്‌ക്ക് കൂടുതൽ പിന്തുണയുമായി ഇറാൻ. ഡ്രോണുകൾക്ക് പുറമെ മിസൈലുകൾ അടക്കമുള്ള കൂടുതൽ സൈനിക സഹായങ്ങൾ നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന് കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ നാറ്റോ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്.
റഷ്യ കൂടുതൽ ഡ്രോണുകളും കൃത്യതയോടെ പ്രവർത്തിക്കുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ആവശ്യപ്പെട്ടിരുന്നു.സോൾഫഗർ ഉൾപ്പെടെയുള്ള ഉപരിതലത്തിലേക്ക് തൊടുക്കുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ നൽകാൻ ഇറാനും റഷ്യയും തമ്മിൽ കരാർ നിലവിലുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഒക്ടോബർ ആറിന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറും മറ്റ് ഉദ്യോഗസ്ഥരും റഷ്യ സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഉണ്ടാക്കിയതെന്നാണ് വിവരം
യുദ്ധത്തിൽ റഷ്യയുടെ പക്കൽ ഡ്രോണുകൾക്ക് പുറമെ ഇറാനിയൻ മിസൈലുകളും പ്രത്യക്ഷപ്പെടുന്നത്. ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് വിലയിരുത്തൽ. ഷാഹെദ്-136 ആണ് ഇറാൻ വിതരണം ചെയ്യാൻ സമ്മതിച്ച ഡ്രോണുകളിൽ ഒന്ന്. ‘കാമികേസ്’ എയർ-ടു-സർഫേസ് ആക്രമണ വിമാനമായി ഉപയോഗിക്കുന്ന ഡെൽറ്റ ചിറകുള്ള ആയുധമാണിത്. 300 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ഇറാനിയൻ ഹ്രസ്വദൂര ഉപരിതല ബാലിസ്റ്റിക് മിസൈലുകളാണ് ഫത്തേ-110, സോൾഫഗർ എന്നിവ.
ഇറാൻ നിർമ്മിത ഷഹെദ്-136 ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ആക്രമണങ്ങൾ യുക്രെയ്നിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുക്രൈയ്‌നിൽ ഉപയോഗിക്കുന്നതിനായി റഷ്യയ്‌ക്ക് ഇറാൻ ഡ്രോണുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെ ഇറാന്റെ വിദേശകാര്യമന്ത്രാലയം തള്ളിക്കളയുകയാണുണ്ടായത്. അമേരിക്കയുടെ ആരോപണങ്ങളെ റഷ്യയും തള്ളിക്കളയുകയാണുണ്ടായത്.
യുക്രെയ്ൻ ജനതയെ കൊല്ലാൻ റഷ്യയെ സഹായിച്ചതിന് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് താൻ അഭ്യർത്ഥിച്ചതായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
Comments