ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ പദവി ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടി അധ്യക്ഷനായി മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ എംപി. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവേയാണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. എംപി എന്ന നിലയിൽ തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസം കാക്കും. പാർലമെന്റ് അംഗമെന്ന നിലയിലും ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
രണ്ട് ആഴ്ചകൾക്ക് ശേഷം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വരികയാണ്. അതിന് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ താൻ വഹിച്ചിരുന്ന ചുമതലകൾ തുടരുമെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസിന് പുതിയ നേതൃത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
വിമതനായിട്ടല്ല മത്സരിച്ചത്. പാർട്ടിയിലെ മാറ്റത്തിന് വേണ്ടിയാണ്. അത് പാർട്ടിയുടെ ആശയത്തിലോ ലക്ഷ്യത്തിലോ പ്രവർത്തനരീതിയിലോ ഉള്ള മാറ്റമല്ലെന്നും പാർട്ടിക്കുളളിൽ മാറ്റം വേണമെന്ന പ്രവർത്തകരുടെ അഭിപ്രായമാണ് തന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്നും തരൂർ കൂട്ടിച്ചേർത്തു.
മല്ലികാർജ്ജുൻ ഖാർഗെ എന്റെ സഹപ്രവർത്തകനാണ്. ലോക്‌സഭയിൽ ഉൾപ്പെടെ അദ്ദേഹവുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇത്രയും കോൺഗ്രസുകാർ പിന്തുണച്ചതിൽ സന്തോഷമുണ്ട്. ഖാർഗെ ചുമതലയേൽക്കുന്നതോടെ കൂടുതൽ പ്രവർത്തകർക്ക് പാർട്ടി ഭരണകാര്യങ്ങളിൽ പങ്കാളിത്തം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നിരവധി മുതിർന്ന നേതാക്കൾ വീട്ടിലെത്തി തന്നോട് ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായി എല്ലാവരും കോൺഗ്രസിനെക്കുറിച്ച് പല തരത്തിൽ ചർച്ച ചെയ്യുന്നുണ്ട്. കോൺഗ്രസിനെക്കുറിച്ച് മാദ്ധ്യമങ്ങൾ എഴുതുകയും കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച്് ചർച്ച ചെയ്യുകയും ചെയ്തു. തനിക്ക് വോട്ട് ചെയ്തവരും അല്ലാത്തവരുമായ എല്ലാ കോൺഗ്രസുകാരും അതിൽ സന്തോഷത്തിലാണെന്നാണ് തോന്നുന്നതെന്നും ശശി തരൂർ പറഞ്ഞു.
















Comments