മുംബൈ: ഭീകരവാദം നഖശിഖാന്തം എതിർക്കപ്പെടേണ്ട വലിയ തിന്മയെന്ന് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ദ്വിദിന ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ അദ്ദേഹം, താജ് പാലസ് ഹോട്ടലിൽ 2008 നവംബറിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു.
‘ഭീകരത സമ്പൂർണ്ണമായ തിന്മയാണ്. ഭീകരവാദത്തെ ന്യായീകരിക്കാൻ ഒന്നുകൊണ്ടും സാദ്ധ്യമല്ല. ഇന്നത്തെ കാലഘട്ടത്തിൽ ഭീകരവാദത്തിന് എവിടെയും സ്ഥാനം നൽകരുത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഗുട്ടറസ് വ്യക്തമാക്കി.
166 പേർക്ക് ജീവൻ നഷ്ടമായ മുംബൈ ഭീകരാക്രമണം ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ഭീകരാക്രമണമാണ്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർ ലോകത്തിന്റെ വീരനായകന്മാരാണ്. ഭീകരാക്രമണത്തിന്റെ കെടുതികളെ അതിജീവിച്ചവരെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഐക്യദാർഢ്യം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെയാണ്, മുംബൈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്ന ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രസ്താവന വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭീകരവാദത്തിന്റെ വേരറുക്കാൻ ഇന്ത്യയോടൊപ്പം എല്ലാ ലോകരാജ്യങ്ങളെയും ക്ഷണിക്കുകയാണെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഇതിന് പാകിസ്താനുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
















Comments