കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യു.ജി.സി കഴിഞ്ഞ തവണ രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനം നൽകിയെന്നാരോപിച്ച് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി നേരത്തെ പരിഗണിച്ച കോടതി, പ്രിയ വർഗീസിനെ നിയമിക്കുന്നതിനുള്ള എല്ലാ നടപടിയും ഇന്നുവരെ സ്റ്റേ ചെയ്തിരിക്കുകയാണ്.
കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണർ, വൈസ് ചാൻസിലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ നൽകിയ പരാതിയെ തുടർന്ന് പ്രിയയുടെ നിയമനം ഗവർണറും മരവിപ്പിച്ചിരുന്നു.
















Comments