കോട്ടയം: പോലീസ് ഉദ്യോഗസ്ഥനായ ഷിഹാബിന് എതിരായ മാമ്പഴം മോഷണ കേസ്ഒത്തുതീർപ്പാക്കാനുള്ള അപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കാഞ്ഞിരപ്പള്ളി കോടതിയാണ് വിധി പറയുക. പഴക്കട വ്യാപാരിയാണ് കേസ് ഒത്തുതീർക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വ്യാപാരി കോടതിയിൽ അപേക്ഷ നൽകിയത്. ഷിഹാബ് നഷ്ടം പരിഹരിച്ചെന്നും അതിനാൽ കേസുമായി മുൻപോട്ട് പോകുന്നില്ലെന്നുമായിരുന്നു ഇയാൾ കോടതിയെ അറിയിച്ചത്. അപേക്ഷ ഇന്നലെ പരിഗണിക്കാനായിരുന്നു കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെ ഒത്ത്തീർപ്പിനെ എതിർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
കേസിലെ പ്രതിസ്ഥാനത്തുള്ളത് പോലീസ് ഉദ്യോഗസ്ഥനാണ്. അതിനാൽ കേസ് അതീവ ഗൗരവതരമാണ്. ഇത്തരം ഒരു കേസ് ഒത്തുതീർക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് കൂടി കണക്കിലെടുത്തുകൊണ്ടാകും കോടതി വിധി. അതേസമയം സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഷിഹാബിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം 30 നായിരുന്നു ഷിഹാബ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ചത്. കിലോയ്‌ക്ക് 600 രൂപ വരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതിന് പിന്നാലെ ഷിഹാബിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
Comments