ബ്രസീലിയ: കണ്ണ് തള്ളിപിടിച്ചുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് ബ്രസീലിയൻ സ്വദേശിയായ സിഡ്നി ഡേ കാർവൽഹോ എന്ന ടിയോ ചിക്കോ. പുരുഷന്മാരുടെ വിഭാഗത്തിലാണ് സിഡ്നിയുടെ നേട്ടം. 18.2 മില്ലി മീറ്റർ നീളത്തിൽ (0.71 ഇഞ്ച്) പുറത്തേക്ക് കണ്ണ് തള്ളിപ്പിടിച്ചാണ് സിഡ്നി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 20 മുതൽ 30 സെക്കൻഡ് വരെ ഇത്തരത്തിൽ കണ്ണുതള്ളി നിൽക്കാൻ ഇദ്ദേഹത്തിന് കഴിയും.
മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ തനിക്ക് കണ്ണുതള്ളാനാകുമെന്ന് ഒമ്പതാം വയസിലാണ് സിഡ്നി തിരിച്ചറിയുന്നത്. മാതാപിതാക്കൾക്ക് മുമ്പിൽ തന്റെ കഴിവ് പ്രദർശിപ്പിച്ചപ്പോൾ അവർ ഭയപ്പെടുകയും ചെയ്തു. ഏതെങ്കിലും മാറാരോഗത്തിന്റെ തുടക്കമാകുമോയെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആശങ്ക. എന്നാൽ ഭാഗ്യവശാൽ സിഡ്നിയുടെ കണ്ണുകൾക്ക് പിന്നീട് കുഴപ്പമൊന്നും സംഭവിച്ചില്ല. അപൂർവ്വമായ ഈ കഴിവ് അദ്ദേഹം മിനുക്കിയെടുക്കുകയും ചെയ്തു. വൈദ്യശാസ്ത്രത്തിൽ ‘ഗ്ലോബ് ലക്സേഷൻ’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടുപോകുന്ന പോലെയാണ് കണ്ണുതള്ളുമ്പോൾ തനിക്ക് അനുഭവപ്പെടാറെന്ന് സിഡ്നി പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ വേദന ഒന്നുമില്ലെങ്കിലും കണ്ണ് പെട്ടെന്ന് വരണ്ടുപോകുന്നതിനാൽ പൊള്ളുന്നത് പോലെ അനുഭവപ്പെടാറുണ്ടെന്ന് സിഡ്നി വെളിപ്പെടുത്തി. ഇത് മറികടക്കാൻ പ്രകടനങ്ങൾക്കിടെ ഐ ഡ്രോപ്സ് ഒഴിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. കണ്ണുതള്ളുന്ന പ്രകടനം കഴിഞ്ഞാൽ അൽപസമയം അദ്ദേഹത്തിന് കാഴ്ച ശക്തിയും നഷ്ടപ്പെടും. ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ പഴയപടിയാകുകയും ചെയ്യും.
ഈ വിഭാഗത്തിൽ റെക്കോർഡ് കൈവരിച്ച സ്ത്രീ കിം ഗുഡ്മാൻ എന്ന അമേരിക്കക്കാരിയാണ്. ഐ സോക്കറ്റിൽ നിന്നും 12 മില്ലിമീറ്റർ നീളത്തിൽ പുറത്തേക്ക് കണ്ണുതള്ളാൻ അവർക്ക് കഴിയും.
















Comments