ഇസ്ലാമാബാദ്: പാകിസ്താനിൽ ചുബ്ച സാഹിബ് ഗുരുദ്വാര ഇടിച്ച് തകർത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറിൽ സ്ഥിതി ചെയ്തിരുന്ന ഗുരുദ്വാരയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിൽ പുനർനിർമാണത്തിനായി പൊളിച്ചതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ ദിവസമായിരുന്നു ഗുരുദ്വാര പൊളിച്ച് നീക്കിയത്. ശരിയായി പരിപാലിക്കാത്തതിനാൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ട്. ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ട് നിരവധി തവണ സിഖ് സമൂഹം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് അടിയന്തിരമായി കെട്ടിടം പൊളിച്ച് നീക്കിയത്. കഴിഞ്ഞ ദിവസം ശ്രീ നൻകന സാഹിബ് ഗുരുദ്വാരയിലെ 96 ഗുഹകൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഗുരുദ്വാര കാണാനായി എത്തുന്നവരെ ഇവിടെയാണ് പാർപ്പിക്കുക. ഇതിന് പിന്നാലെയാണ് ചുബ്ച സാഹിബ് ഗുരുദ്വാരയും പൊളിച്ച് നീക്കിയത്.
സിഖ് മത വിശ്വാസികളുടെ ഉത്സവമായ പ്രകാശ് പൂരബ് ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കയൊണ് ഗുരുദ്വാര പൊളിച്ചു നീക്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിഖ് മത വിശ്വാസികളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ചുബ്ച സാഹിബ് ഗുരുദ്വാര എത്രയും വേഗം പുനർനിർമ്മിച്ച് നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
















Comments