കൊച്ചി: ഒളിവുജീവിതം അവസാനിപ്പിച്ച് ഒടുവിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ. ആരോപണം ആർക്കും ഉന്നയിക്കാമെന്നും താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എൽദോസ് ആവർത്തിച്ചു. ഒളിവിൽ ആയിരുന്നില്ലെന്നും എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും എല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് എംഎൽഎയുടെ വാദം.
ആരെയും ഉപദ്രവിക്കാൻ ശക്തിയുള്ള ആളല്ല താൻ. നിരപരാധിത്വം തെളിയിക്കും. ഏതെങ്കിലും മൂടുപടത്തിനുള്ളിൽ ജീവിക്കാറില്ല. പൊതുപരിപാടികളിൽ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നതെല്ലാം നിഷ്‌കളങ്കത കൊണ്ടാണ്. ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് കെപിസിസിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. വസ്തുത പാർട്ടിയെ അറിയിച്ചുവെന്നും എംഎൽഎ പറഞ്ഞു.
നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതിനാൽ വിശദാംശങ്ങൾ പങ്കുവെക്കാൻ സാധിക്കുകയില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കും. യുവതി ഉന്നയിച്ചത് ആരോപണങ്ങൾ മാത്രമാണ്, താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും. താൻ കുറ്റവിമുക്തനാകുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. 11 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പെരുമ്പാവൂരിൽ നിന്നും എൽദോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും കൂടുതൽ പ്രതികരിക്കാൻ എംഎൽഎ തയ്യാറായില്ല.
Comments