ബംഗളൂരു: കർണാടകയിൽ പട്ടികജാതി പട്ടികവർഗ സംവരണം വർധിപ്പിച്ച് സർക്കാർ. പട്ടികജാതി വിഭാഗത്തിന്റെ സംവരണം 15ൽ നിന്ന് 17 ശതമാനമാക്കി വർധിപ്പിച്ചു. പട്ടികവർഗത്തിന്റെ സംവരണം 5ൽ നിന്ന് 7 ശതമാനവുമായാണ് വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് സംവരണം വർധിപ്പിച്ചുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയത്. സർക്കാർ ജോലിക്കും വിദ്യാഭ്യാസ മേഖലകളിലും ഈ സംവരണം ഉണ്ടാകും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചരിത്രപരമായ തീരുമാനമാണെന്നും, എസ് സി, എസ് ടി വിഭാഗത്തിൽ പെട്ട സഹോദരീ സഹോദരന്മാർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും കൂടുതൽ അവസരങ്ങൾ കിട്ടാൻ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ കർണാടകയിൽ എസ് സി വിഭാഗത്തിൽ കീഴിൽ ആറ് ജാതിയിൽ പെട്ട ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, നിലവിൽ 103ഓളം ജാതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭാംഗമായ ജെ.സി.മധുസ്വാമി പറഞ്ഞു. ജനസംഖ്യയിലും വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ അവർക്ക് മതിയായ പ്രാധാന്യം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments