ഇസ്ലാമാബാദ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. പിടിഐ ചെയർമാനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇനി ദേശീയ അസംബ്ലിയിൽ അംഗമല്ലെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഇമ്രാനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
ഉപഹാരങ്ങളുടെ പേരിലുള്ള കേസിനോടനുബന്ധിച്ചാണ് ഇമ്രാനെ അയോഗ്യനാക്കിയത്. പ്രധാനമന്ത്രി എന്ന നിലയിൽ ഇമ്രാന് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ഉപഹാരങ്ങൾ വിറ്റ് ലഭിച്ച പണത്തിന്റെ മൂല്യം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.
പാകിസ്താന് ലഭിക്കുന്ന വിലപിടിപ്പുള്ള ഉപഹാരങ്ങൾ തോഷഖാന എന്ന പേരിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിൽ ചിലതാണ് ഇമ്രാൻ വിറ്റ് പണമാക്കിയത്. 2018 ൽ അറബ് ഭരണാധികാരിയിൽ നിന്ന് ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്ക്ക് തോഷഖാനയിൽ നിന്ന് വാങ്ങുകയും കൂടിയ വിലയ്ക്ക് പുറത്ത് വിൽക്കുകയുമായിരുന്നു.
ഏകദേശം 21.66 മില്യണിനാണ് ട്രഷറിയിൽ നിന്ന് ഇമ്രാൻ സാധനങ്ങൾ സ്വന്തമാക്കിയത്. എന്നാലിത് 58 മില്യണിന് അദ്ദേഹം വിറ്റു പണമാക്കി. ഒരു ഗ്രാഫ് റിസ്റ്റ് വാച്ച്, ഒരു ജോഡി കഫ്ലിങ്കുകൾ, വിലകൂടിയ പേന, ഒരു മോതിരം, നാല് റോളക്സ് വാച്ചുകൾ എന്നിവയാണ് ഉപഹാരങ്ങൾ. ഇവ വിറ്റതിന്റെ മൂല്യം വ്യക്തമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇമ്രാൻ ഖാൻ ഇത് വിസമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 11 നാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായത്. അധികാരമേറ്റെടുത്ത് മൂന്ന് വർഷവും ഏഴ് മാസവും പിന്നിട്ടപ്പോഴായിരുന്നു രാജി വെച്ചിറങ്ങിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ അവിശ്വാസം പാസായതോടെ പുതിയ പ്രധാനമന്ത്രിയായി പിഎംഎൽ(എൻ) നേതാവ് ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
















Comments