ഹാസ്യ പരമ്പരകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂർ. എം80 മൂസ, മറിമായം തുടങ്ങിയ പരമ്പരകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നാല് തവണ ഒരാളെത്തന്നെ വിവാഹം ചെയ്തുവെന്നാണ് വിനോദ് വെളിപ്പെടുത്തിയത്. പലതവണ പലരെയും വിവാഹം ചെയ്തവർ ഉണ്ടാകാം. എന്നാൽ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിനോദ് പറയുന്നത്. ഗിന്നസ് റെക്കോർഡ് നേടാനുള്ള കാര്യമാണ് തങ്ങൾ ചെയ്തതെന്നും നടൻ പറഞ്ഞു.
ഗുരുവായൂരിൽ വെച്ച് വിവാഹം നടത്താനാണ് ആഗ്രഹിച്ചിരുന്നത്, എന്നാൽ വധൂഗൃഹത്തിൽ വെച്ചാണ് അത് നടന്നത്. 18 ാമത് വിവാഹ വാർഷികത്തിൽ മൂകാംബികയിൽ പോയപ്പോൾ ഒരു ജ്യോത്സ്യനെ കണ്ടു. അദ്ദേഹമാണ് ആദ്യം ആഗ്രഹിച്ചത് പ്രകാരം ഗുരൂവായൂരിൽ വെച്ച് വിവാഹം നടത്താൻ പറഞ്ഞത്.
തുടർന്ന് ഗുരുവായൂരിൽ വെച്ച് ചടങ്ങ് നടത്താൻ തീരുമാനിച്ചു. ആദ്യത്തെ കല്യാണത്തിന് വാങ്ങിയ സാരി ഭാര്യയ്‌ക്ക് അത്ര ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് രണ്ടാമത്തെ വിവാഹത്തിന് ആ പ്രശ്‌നങ്ങളെല്ലാം തീർത്തു. ചെറിയ രീതിയിൽ നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും ഗുരുവായൂരിൽ ഉണ്ടായിരുന്നു.
പിന്നീട് മൂകാംബികയിലും ചോറ്റാനിക്കരയിൽ വെച്ചും വിവാഹം നടത്തി. അങ്ങനെ സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്യാൻ അവസരം ലഭിച്ചുവെന്നാണ് വിനോദ് പറയുന്നത്.
















Comments