സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കണമെന്നും രാജ്യത്തെ നിയമവാഴ്ചയോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ, അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ, ലൈംഗിക പരാമർശങ്ങൾ തുടങ്ങിയവയൊക്കെ ഗുരുതരമായ കുറ്റങ്ങളാണ്. രാജ്യത്തെ നിയമമനുസരിച്ച് ഇത്തരമൊരു വെളിപ്പെടുത്തൽ വന്നാൽ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സരിതയുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തിരുന്നു. മുൻ മുഖ്യമന്ത്രിയ്‌ക്കെതിരെ വരെ കേസെടുത്ത് അന്വേഷിച്ച പിണറായി സർക്കാർ എന്തുകൊണ്ടാണ് മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ നാട്ടിൽ ഇരട്ട നീതി നടപ്പാക്കാൻ കഴിയില്ലെന്നും നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണ്. അവിടെ മുൻ മന്ത്രി, എംഎൽഎ, എന്നുള്ള വേർതിരിവുകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കൾ നിരപരാധികളാണെങ്കിൽ അന്വേഷണത്തിലൂടെയാണ് തെളിയ്‌ക്കേണ്ടത്. അല്ലാതെ പാർട്ടിയോ മുഖ്യമന്ത്രിയോ അല്ല അത് തെളിയ്‌ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതിന് സമാനമായി അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ദ്രുതഗതിയാലക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേതാക്കൾ കുറ്റം ചെയ്യതെട്ടില്ലെങ്കിൽ ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ, പാർട്ടി നേതാക്കളൊക്കെ എപ്പോഴോ നടക്കാൻ പോകുന്ന ലോക കപ്പിന്റെ വിശകലനത്തിലാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാനത്തെ പോലീസിന്റെ കൊടും ക്രൂരകളെ കുറിച്ച് ഒരു മന്ത്രിയും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പോലീസ് പട്ടാളക്കാരന്റെ കൈ അടക്കം അടിച്ച് ഒടിച്ച് കള്ളക്കേസെടുത്ത് ജയിലിടയ്‌ക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നും പരസ്യമായി മാങ്ങയും സ്വർണ്ണവുമൊക്കെ മോഷ്ടിക്കുന്ന നാടായി മാറി കേരളമെന്നും അദ്ദേഹം അപലപിച്ചു.
ജനശ്രദ്ധ തിരിച്ച് വിടാനാണ് ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കുന്നത്. ആര് ജയിക്കും, ആര് തോൽക്കുമെന്ന കണക്കെടുപ്പിലും വിശകലനത്തിലുമാണ് മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജനങ്ങളാണ് തോറ്റുകൊണ്ടിരിക്കുന്നതെന്നും ഈ തരത്തിലുള്ള മന്ത്രിമാരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും ഇത്തരത്തിലുള്ള എംൽഎ മാരെയും പാർട്ടി നേതാക്കളെയും ചൂലെടുത്ത് അടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments