കണ്ണൂർ: പാനൂരിൽ 23 കാരിയെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷമെന്ന് പ്രതി ശ്യാംജിത്ത്. കൂത്തുപറമ്പിലെ കടയിൽ നിന്നാണ് ചുറ്റിക വാങ്ങിയതെന്നും ശ്യാംജിത്തിന്റെ കുറ്റസമ്മത മൊഴിയിൽ ഉണ്ട്. അതേസമയം പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്നാണ് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞത്. എന്നാൽ ആറ് മാസം മുൻപ് ബന്ധത്തിൽ നിന്നും വിഷ്ണുപ്രിയ പിൻമാറിയിരുന്നു. ഇതിന് ശേഷം മറ്റൊരാളുമായി പെൺകുട്ടി അടുപ്പത്തിലായി. ഇതാണ് ശ്യാംജിത്തിനെ ചൊടിപ്പിച്ചത്. ഇതിലുള്ള പകയെ തുടർന്നാണ് കൊലപ്പെടുത്തിയത് എന്നും യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെയാണ് ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കും. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്യാം ജിത്തിനെ പോലീസ് പിടികൂടിയത്.
രാവിലെയോടെയായിരുന്നു വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് ശേഷം വസ്ത്രം മാറാൻ വീട്ടിൽ എത്തിയ പെൺകുട്ടിയെ മുഖംമൂടി ധരിച്ചെത്തിയ ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
















Comments