ഹൈന്ദവ ആചാര പ്രകാരം ചില വസ്തുക്കൾക്ക് വിശിഷ്ടമായ സ്ഥാനമാണുള്ളത്. പലതരം മരങ്ങളും പുഷ്പങ്ങളും മൃഗങ്ങളും തുടങ്ങി നിരവധി വസ്തുക്കളാണ് ഹിന്ദു വിശ്വാസങ്ങൾ പ്രകാരം പുണ്യമായിട്ടുള്ളത്. അത്തരത്തിൽ ഏറെ പ്രാധാന്യമുള്ള വസ്തുവാണ് തേങ്ങ.
ഹിന്ദു വീടുകളിലെ ഒട്ടുമിക്ക എല്ലാ ചടങ്ങുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കല്യാണം, ഉത്സവം, ചടങ്ങ്, പൂജ എന്നിവയിലെല്ലാം തേങ്ങയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഹൈന്ദവർ പുതിയ സംരംഭം തുടങ്ങുമ്പോഴും ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമ്പോഴും വാഹനം വാങ്ങിയതിന് ശേഷവും തേങ്ങയുടയ്‌ക്കുന്ന പതിവുണ്ട്. എന്നാലും എങ്ങനെയാകും ഈ തേങ്ങ വിശിഷ്ട വസ്തുവായത്…?
തേങ്ങയെ ദൈവത്തിന്റെ ഫലമെന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരേയൊരു ഭക്ഷണ സാധനമാണ് തേങ്ങ. പവിത്രവും ശുദ്ധവും നിരവധി ഗുണങ്ങളുള്ളതുമായ ഫലമാണ് തേങ്ങ. നാളികേരത്തിലെ മൂന്ന് അടയാളങ്ങൾ ശിവന്റെ മൂന്ന് കണ്ണുകളായാണ് ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കപ്പെടുന്നുത്. അതുകൊണ്ടാണ് പൂജാ ചടങ്ങുകളിൽ തേങ്ങയെ ശുഭവസ്തുവായി വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങളിൽ നാളികേരം ഉടയ്‌ക്കുന്നത് ഒരാളുടെ അഹംഭാവത്തെ തകർക്കുകയും ഭഗവാന് മുൻപിൽ തന്നെ തന്നെ താഴ്‌ത്തുന്നതിന് തുല്യമാണെന്നുമാണ് വിശ്വാസം.
പണ്ട് കാലത്തെ ‘നരബലി’ എന്ന മനുഷ്യത്വരഹിതമായ ആചാരത്തെ ആത്മീയ ഗുരുവായ ആദി ശങ്കരാചാര്യൻ അപലപിച്ചിരുന്നു. തുടർന്ന് ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി തേങ്ങ ഉടയ്‌ക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തേങ്ങ ഉടക്കുന്ന വഴിപാടിലൂടെ സൂചിപ്പിക്കുന്നത് ‘ഞാൻ എന്നെത്തന്നെ ദൈവത്തിന്റെ കാൽക്കൽ അർപ്പിക്കുന്നു’ എന്നാണ്. ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകൻ), മഹേശ്വരൻ (സംഹാരം) എന്നിവരുടെ ചൈതന്യത്തെ തേങ്ങ പ്രതിനിധീകരിക്കുന്നു. തേങ്ങയെ ആരാധനാ വസ്തുവായി കണക്കാക്കി ഭക്തർ മൂന്ന് ദൈവങ്ങൾക്കായി അർപ്പിക്കുന്നു. അങ്ങനെ ഭക്തർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നു. തേങ്ങയിലെ മൂന്ന് കണ്ണുകൾ ശിവന്റെ മൂന്ന് കണ്ണുകളെ പ്രതീകപ്പെടുത്തുന്നു.ഉള്ളിലെ വെളുത്ത ഭാഗം പാർവതി ദേവിയെ പ്രതീകപ്പെടുത്തുന്നു. വെള്ളം ഗംഗയെ സൂചിപ്പിക്കുന്നു. തവിട്ട് നിറത്തിലുള്ള പുറംഭാഗം കാർത്തികേയനെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.
വിവാഹ ചടങ്ങുകളിൽ തേങ്ങ ഉപയോഗിക്കാറുണ്ട്. തേങ്ങയ്‌ക്ക് ജീവനുള്ളതായാണ് സങ്കൽപ്പം. അതിനാൽ തന്നെ ഗർഭിണികൾ തേങ്ങ ഉടയ്‌ക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. കാരണം ഇത് ഒരു ജീവനെ കൊല്ലുന്നതിന് തുല്യമാണ്. തേങ്ങ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രഷർ ഗർഭപാത്രത്തിലെ ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
Comments