ഭോപ്പാൽ: കൊറോണ രോഗവ്യാപനം നിമിത്തം മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങൾക്കൊപ്പമായിരിക്കും ഇത്തവണത്തെ തന്റെ ദീപാവലി ആഘോഷങ്ങളെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ദീപാവലി ആഘോഷം കുഞ്ഞുങ്ങൾക്കൊപ്പമാകുന്നത് സന്തോഷകരമായ കാര്യമാണ്. കുട്ടികളെ ദീപാവലി ദിനത്തിൽ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഭോപ്പാലിലും ചുറ്റുവട്ടത്തുമുള്ള കുട്ടികൾക്ക് തന്റെ വീട്ടിൽ ദീപാവലി ആഘോഷിക്കാനുള്ള സൗകര്യമൊരുക്കും. ദൂരെയുള്ള കുട്ടികൾക്കായി ദീപാവലി ദിനത്തിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും, സമ്മാനങ്ങൾ നൽകാനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയതായും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
‘എന്റെ എല്ലാ കുഞ്ഞു മക്കൾക്കും ദീപാവലി ആശംസകൾ. നിങ്ങൾ ഒന്നു കൊണ്ടും വിഷമിക്കരുത്. ഈ അമ്മാവൻ വിളിപ്പുറത്തുണ്ട്.‘ കൊറോണ വ്യാപനം നിമിത്തം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള ദീപാവലി സന്ദേശത്തിൽ ശിവരാജ് സിംഗ് ചൗഹാൻ കുറിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ദീപാവലിയോട് അനുബന്ധിച്ച് നിർവ്വഹിക്കും. നാലര ലക്ഷം പേർ ദീപാവലി നാളിൽ പുതിയ വീടുകളിൽ പ്രവേശിക്കും. രംഗോലി തയ്യാറാക്കി, ദീപങ്ങൾ കൊളുത്തിയായിരിക്കും ഗൃഹപ്രവേശമെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങുകളിൽ വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
Comments