തൃത്താല: ലഹരി ഉപയോഗത്തിനെതിരെ വീടുകളിൽ ദീപം തെളിയിക്കുന്നതിന്റെ മുന്നോടിയായി എംഎൽഎമാരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കൽ നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെൻട്രലിൽ നടന്ന പരിപാടിയിൽ മന്ത്രി എംബി രാജേഷ് പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ലഹരിക്കെതിരെ ദീപം തെളിയിക്കാനുളള എംബി രാജേഷിന്റെ ആഹ്വാനം ട്രോളുകളിലും സമൂഹമാദ്ധ്യമ ചർച്ചകളിലും നിറയുമ്പോഴാണ് പരിപാടിക്ക് മന്ത്രി തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കാനായിരുന്നു മന്ത്രിയുടെ ആഹ്വാനം.
ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാർ നിർദേശമെന്നും മന്ത്രി വിശദീകരിക്കുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനമെന്നും മന്ത്രി പറയുന്നു.
മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കുമെന്നും നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കുമെന്നും മന്ത്രി പറയുന്നു. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡിലെ പ്രധാന കേന്ദ്രങ്ങളിലാണ് ശൃംഖല തീർക്കുന്നത്.
അതേസമയം മന്ത്രിയുടെ ആഹ്വാനം സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ പരിഹാസത്തിനാണ് ഇടയാക്കിയത്. സംസ്ഥാനത്തെ ലഹരികേസുകളിൽ പിടിയിലാകുന്നതിൽ ബഹുഭൂരിപക്ഷവും ഭരണപക്ഷ പാർട്ടിയുമായി ബന്ധമുളളവരാണ്. ഇടതു യുവജനസംഘടനകൾ ഇക്കാര്യത്തിൽ വലിയ ആരോപണമാണ് നേരിടുന്നത്. മാത്രമല്ല കൊറോണക്കാലത്ത് പ്രതിരോധ പ്രവർത്തകരെ ആദരിക്കാനായി വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെ പരിഹസിച്ചവരാണ് സിപിഎം ഉൾപ്പെടെയുളള ഇടതുപാർട്ടിക്കാർ. അതിൽപെട്ട മന്ത്രി തന്നെ ഇപ്പോൾ ദീപം കൊളുത്താൻ ആഹ്വാനം ചെയ്യുന്നതിലെ പൊരുത്തക്കേടും സമൂഹമാദ്ധ്യമങ്ങളിൽ ഉയർത്തിക്കാട്ടുന്നുണ്ട്.
















Comments