ഭോപ്പാൽ; ദമ്പതിമാരുടെ തർക്കത്തിന് മദ്ധ്യസ്ഥത വഹിക്കാൻ ശ്രമിച്ച അയൽക്കാരൻ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ചവാനി പഥർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബബ്ലു അഹിർവാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽക്കാരനായ പപ്പുവിനെ പോലീസ് പിടികൂടി.
പപ്പുവിന്റെ വീട്ടിൽ ചിക്കൻ പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഭാര്യയോട് ചിക്കൻ പാകം ചെയ്യാൻ ആവശ്യപ്പെട്ടങ്കിലും ഇത് വിസമ്മതിച്ചതായിരുന്നു വഴക്കിന് കാരണം. തർക്കത്തിനൊടുവിൽ പപ്പു ഭാര്യയെ മർദ്ദിച്ചു. ഇത് കണ്ട ബബ്ലു ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു.
ദമ്പതിമാർ തമ്മിലുള്ള പ്രശ്‌നം അവസാനിച്ചെന്ന് കരുതി വീട്ടിലെത്തിയ ബബ്ലുവിനെ പപ്പു പിന്നാലെയെത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വടി കൊണ്ട് ശരീരമാസകലം പരിക്കേറ്റ ബബ്ലുവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
















Comments