പാലക്കാട്: ഒന്നരവർഷംകൊണ്ട് പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നരേന്ദ്രമോദി സർക്കാറിന് ആശംസകൾ അറിയിച്ച് യുവമോർച്ചയുടെ അഭിനന്ദൻ സഭ. യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഭിനന്ദൻ സഭ സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
താങ്ക് യൂ മോദിജി എന്ന ബാനറുമായിട്ടാണ് യുവാക്കൾ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇറങ്ങിയത്. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് ആയിരുന്നു പരിപാടി. പ്രധാനമന്ത്രിയുടെ നീക്കത്തിൽ സന്തോഷം പ്രകടിപ്പിച്ച് മധുര പലഹാരങ്ങളും വിതരണം ചെയ്തു.
മോദിസർക്കാരിന്റെ നടപടി കേരളം മാതൃകയാക്കണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
75,000 പേർക്കാണ് ഇന്ന് പ്രധാനമന്ത്രി അവസരം നൽകിയത്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും തൊഴിൽ മേള നടന്നു. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ ആളുകളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് വിദേശയാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് മുഖ്യമന്ത്രി. ലണ്ടനിൽ 3,000 പേർക്ക് ജോലി ശരിയാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, സംസ്ഥാന ട്രെഷറർ ഇ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 75,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിയമന ഉത്തരവ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദൻ സഭ യുവമോർച്ച സംഘടിപ്പിച്ചത്.
















Comments